വിശപ്പടക്കാനായി ഭക്ഷണമെന്നു കരുതി സീല്‍ കടിച്ചത് പെണ്‍കുട്ടിയെ;വീഡിയോ വൈറല്‍

റിച്ച്മണ്ട്: വന്യജീവികളുടെ അടുത്ത് ജാഗ്രതയോടെ പോകണം എന്നു നാം പറയാറുണ്ട് എന്നാല്‍ പലപ്പോഴും ആളുകള്‍ അതിനെ അംഗീകരിക്കാറില്ല.

അത്തരം ഒരു ജാഗ്രതയില്ലായ്മ കൊണ്ട് ഒരു ചെറിയ പെണ്‍കുട്ടി സീലിന്റെ ആക്രമണത്തിനിരയാവുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന പുതിയ വീഡീയോ.

കാനഡയിലെ റിച്ച്മണ്ടിലെ സ്റ്റീവസ്റ്റണ്‍ തുറമുഖത്തിലാണ് സംഭവം. വീഡിയോയുടെ ആദ്യ ഭാഗങ്ങളില്‍ സീലിന് തീറ്റ എറിഞ്ഞ് കൊടുക്കുന്നതും സീല്‍ അത് കഴിക്കുന്നതും കാണാം. പിന്നീട് പല തവണയായി സീല്‍ ജലോപരിതലത്തില്‍ തീറ്റ പ്രതീക്ഷിച്ച് ചുറ്റി കളിക്കുന്നുണ്ട്. എന്നാല്‍ വെള്ളത്തിനോട് ചേര്‍ന്നുള്ള മതിലില്‍ ഇരുന്ന പെണ്‍കുട്ടിയെ പൊടുന്നനെ സീല്‍ കടിച്ചു വലിച്ച് വെള്ളത്തിലേക്കിടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തു നിന്നയാള്‍ വെള്ളത്തിലേക്കെടുത്തു ചാടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിക്കും രക്ഷിച്ചയാള്‍ക്കും പരിക്കുകളൊന്നുമില്ല.

തീറ്റയാണെന്ന് കരുതിയാണ് പെണ്‍കുട്ടിയെ സീല്‍ കടിച്ചതെന്ന് ഹാര്‍ബര്‍ അധികൃതര്‍ പറയുന്നു. പൊതുവെ ആക്രമണകാരികളല്ലാത്ത ജീവികളാണ് ഇവ. കടല്‍ ജീവികള്‍ക്ക് തീറ്റ കൊടുക്കരുതെന്ന് ഹാര്‍ബറിലെ പലയിടങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പെരുമാറിയതാണ് അപകടത്തിന് വഴിവെച്ചത്.

കാനഡയിലെ കടല്‍ ജീവി സംരക്ഷണ നിയമ പ്രകാരം മീന്‍പിടിക്കുമ്പോഴല്ലാതെ കടല്‍ജീവികളുടെ ആവാസവ്യവസ്ഥയില്‍ കൈകടത്താനുള്ള അവകാശമില്ല.അപകട ശേഷം പുതിയ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഹാര്‍ബര്‍ അധികൃതര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലക്ഷം ഡോളര്‍ വരെ നിയമം ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടി വരും.

സീലിന്റെ കടിയേറ്റത് മൂലം കടിയേറ്റഭാഗം വ്രണമായി മുറിച്ചു മാറ്റേണ്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് കടല്‍ ജീവികളെ പരിശീലിപ്പിക്കുന്നവര്‍ പറയുന്നു. വിദ്യാര്‍ഥിയായ മെക്കല്‍ ഫുജിവാറയാണ് ഈ ദൃശ്യം പകര്‍ത്തി യൂട്യൂബില്‍ ഇട്ടത്.

Top