തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിലെ തീരദേശമേഖലയില്‍ കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എറിയാട് പഞ്ചായത്തില്‍ ഒന്നും എടവിലങ്ങ് പഞ്ചായത്തില്‍ രണ്ടും ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒന്നും വീതമാണ് ക്യാമ്പുകള്‍ തുറന്നത്. നാല് ക്യാമ്പുകളിലായി 83 ആളുകള്‍ താമസമാരംഭിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള നടപടികളും ആരംഭിച്ചു. രോഗം സ്ഥിരീകരിക്കുന്നവരെ ഡിസിസി, സിഎഫ്എല്‍ടിസി എന്നിവിടങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കും.
രാത്രിയിലും കടലേറ്റം തുടര്‍ന്നാല്‍ കൂടുതല്‍ പേര്‍ ക്യാമ്പുകളിലെത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രോഗഭീതി മൂലം കൂടുതല്‍ ആളുകളും ക്യാമ്പിലേക്ക് പോകാതെ ബന്ധുവീടുകളിലാണ് അഭയം തേടുന്നത്. വ്യാഴാഴ്ച ആരംഭിച്ച കടല്‍ക്ഷോഭം വെള്ളിയാഴ്ച രാവിലെയോടെ രൂക്ഷമാവുകയായിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ മത്സ്യബന്ധനത്തിന് ആരും തന്നെ കടലിലിറങ്ങിയിരുന്നില്ല. കടല്‍ഭിത്തി കടന്നെത്തിയ തിര ഒരു കിലോമീറ്ററിലധികം പ്രദേശത്ത് വെള്ളക്കെട്ട് സൃഷ്ടിച്ചിട്ടുണ്ട്.
പലയിടങ്ങളിലും ജിയോ ബാഗ് തടയണ തകര്‍ന്നതിനെ തുടര്‍ന്ന് ജനവാസ മേഖല വേലിയേറ്റ ഭീഷണിയിലാണ്. ശക്തമായ മഴയും തിരയടിയും ഒപ്പം കൊവിഡ് ഭീഷണിയും മറികടന്നാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കടല്‍ക്ഷോഭം രണ്ട് ദിവസം കൂടി തുടരുമെന്നതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇ ടി ടൈസണ്‍ എംഎല്‍എ പറഞ്ഞു.