തിരുവനന്തപുരം: സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. കടലാക്രമണത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുമെന്നും ദുരന്ത ബാധിതരായവര്‍ക്ക് താമസവും ഭക്ഷണവും സര്‍ക്കാര്‍ ഒരുക്കുമെന്നും റവന്യു മന്ത്രി ഈ ചന്ദ്രശേഖരന്‍ അറിയിച്ചു. ഫിഷറീസ് വകുപ്പും റവന്യു വകുപ്പും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ വാസികളെ പുനരധിവസിപ്പിക്കാനുള്ള തീരുമാനത്തിലും സര്‍ക്കാര്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ കടല്‍ക്ഷോഭത്തെ കണക്കിലെടുത്തു തീരമേഖലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട. തിരുവനന്തപുരത്ത് ആറും കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ഒന്നു വീതവും ക്യാംപുകളാണു തുറന്നത്.
അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. നാളെ രാത്രിവരെ ജാഗ്രത പാലിക്കണമെന്നു ദേശീയ സമുദ്ര ഗവേഷണകേന്ദ്രം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. തെക്കന്‍ ജില്ലകളുടെ തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറുകയും, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ തീരപ്രദേശമായ ആറാട്ട് പുഴ, കാട്ടൂര്‍, അര്‍ത്തുങ്കല്‍, ആയിരം തൈ, തൈക്കല്‍, അന്ധകാരനഴി, പള്ളിത്തോട് എന്നീ മേഖലകളിലാണ് കടലേറ്റം രൂക്ഷമായിരിക്കുന്നത്.