അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ 14-ാം വാര്‍ഡിന് സമീപത്തെ തീരപ്രദേശമായ പൂമീന്‍പൊഴിയിലെ വെള്ളത്തിന് കുങ്കുമനിറം. ഇന്ന് രാവിലെ മുതലാണ് കടല്‍ തീരത്തുനിന്ന് അരകിലോമീറ്റര്‍ പൊഴിയുടെ കിഴക്കുഭാഗം വരെ വെള്ളം പൂര്‍ണ്ണമായും കുങ്കുമ നിറത്തിലായത്. ചെളിനിറഞ്ഞു കിടന്ന വെള്ളത്തിലുണ്ടായ ഈ മാറ്റം നാട്ടുകാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കടലില്‍ നിന്നും എന്തോ ഒഴുകി എത്തിയെന്നാണ് പ്രദേശവാസികള്‍ ആദ്യം സംശയിച്ചത്. മുന്‍വര്‍ഷങ്ങളില്‍ വേനല്‍കാലത്ത് ഈ പ്രദേശത്തെ കടല്‍ ഉള്‍വലിയുന്ന പ്രതിഭാസം സംഭവിച്ചിരുന്നു. ഒരു കിലോമീറ്ററോളം തീരത്തുനിന്നും കടല്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ഉള്‍വലിഞ്ഞതോടെ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ ചെളിയില്‍ ഉറച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് കോടികളുടെ നഷ്ടമാണ് മത്സ്യതൊഴിലാളികള്‍ക്ക് ഉണ്ടായത്.
ഈ സംശയം നിലനില്‍ക്കെയാണ് കടലില്‍പ്പതിക്കുന്ന പൊഴിയുടെ നിറം മാറ്റത്തില്‍ തീരദേശവാസികളുടെ ആശങ്കക്ക് വഴിയൊരുക്കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പുന്നപ്ര ജനമൈത്രി പൊലീസിനെ വിവരം അറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊഴിയോട് ചേര്‍ന്ന് ഇറച്ചിമാലിന്യം സംസ്‌ക്കരിച്ച് മറ്റ് ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
ഇവിടെ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നതാകാം പൊഴിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പൊഴിയില്‍ തള്ളുന്നതായി മുമ്പും പരാതി ഉയര്‍ന്നിട്ടുള്ളതാണ്. ഇതുമൂലം പൊഴിയില്‍ കണമ്പുപോലുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു. എന്നാല്‍ പൊഴിയുടെ തീരത്ത് ഇത്തരം കമ്പനികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുകയാണ്. മുമ്പൊരിക്കലും പൊഴിയില്‍ ഇത്തരമൊരു നിറമാറ്റം സംഭവിച്ചിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.