ലിബിയന്‍ വെള്ളപ്പൊക്കത്തിന് കാരണമായ അണക്കെട്ടുകളുടെ തകര്‍ച്ചയെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലാണ് വെള്ളപ്പൊക്കമുണ്ടായത്.
സംഭവം നടന്ന് ആറ് ദിവസത്തിനുള്ളില്‍ റെഡ് ക്രസന്റ് ഇതുവരെ 11,300 മരണങ്ങള്‍ സ്ഥിരീകരിച്ചു. 10,000 ത്തിലധികം പേരെ കാണാതായിട്ടുമുണ്ട്. അതിജീവിക്കാന്‍ സാധ്യതയുള്ളവര്‍ക്കും, മൃതദേഹങ്ങള്‍ക്കുമായുള്ള തിരച്ചില്‍ തുടരുന്നു. വെള്ളപ്പൊക്കത്തില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. റോഡുകളും പാലങ്ങളുമെല്ലാം ഒലിച്ചുപോയതിനാല്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
ഡാനിയല്‍ കൊടുങ്കാറ്റിനു പിന്നാലെയാണ് ലിബിയയില്‍ പ്രളയമുണ്ടായത്. കഴിഞ്ഞ ആഴ്ച ഗ്രീസില്‍ ആഞ്ഞടിച്ച ശേഷമാണ് ഡാനിയല്‍ ലിബിയയില്‍ നാശം വിതച്ചത്.
കുടുംബം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര മാനസിക പിന്തുണ ഉള്‍പ്പെടെയുള്ള സഹായ ശ്രമങ്ങള്‍ ഇനിയും ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ചില പുരോഗതിയുണ്ടെങ്കിലും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണെന്ന് അധികൃതര്‍ പറഞ്ഞു.