നിലമ്പൂര്‍: വന്‍ ഉരുള്‍ പൊട്ടലുണ്ടായ കവളപ്പാറയില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇന്ന് ഒരു മൃതദേഹം കൂടി ദുരന്തസ്ഥലത്തുനിന്ന് കണ്ടെത്തി. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തുംവരെ തെരച്ചില്‍ തുടരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു
ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചില്‍ നടത്താനുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്.