മലപ്പുറം: ഉരുള്‍ പൊട്ടലില്‍ വന്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടന പ്രവര്‍ത്തകരുമാണ് തെരച്ചില്‍ നടത്തുന്നത്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്.
പ്രധാനമായും രണ്ട് രീതിയിലാണ് തെരച്ചില്‍ നടത്തുന്നത്. നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചില്‍ നടത്താനുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്. കവളപ്പാറയില്‍ നിന്നും ഇനി 13 പേരെയാണ് കണ്ടെത്താനുള്ളത്. ഇതുവരെയുള്ള തെരച്ചിലില്‍ 46 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇന്നലെ നടത്തിയ തെരച്ചിലില്‍ ഒരാളെ പോലും കണ്ടെത്താനാകാത്തത് വലിയതോതില്‍ നിരാശ ഉളവാക്കിയിട്ടുണ്ട്. ഇനി ആളുകളെ കണ്ടെത്തുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണുള്ളതെങ്കില്‍ പോലും എല്ലാ ശ്രമങ്ങളും നടത്താനാണ് ജില്ലാഭരണകുടം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.