മലപ്പുറം : ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും. പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാറും ഇന്ന് കവളപ്പാറയിലെത്തും.
അതേസമയം പുത്തുമല ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും. നിലമ്പൂര്‍ ഭാഗത്തേക്ക് ചാലിയാര്‍ പുഴയിലൂടെ ഇന്ന് തിരച്ചില്‍ നടത്തും. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ 13 ദിവസം പിന്നിടുകയാണ്. ആറ് കിലോമീറ്ററിലധികം ദൂരത്ത് തെരച്ചില്‍ നടത്തിയിട്ടും അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് 2 മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ദൂരത്ത് തിരച്ചില്‍ വേണമെന്ന അഭ്യര്‍ഥന പരിഗണിച്ചാണ് ദൗത്യം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്.