കുറ്റിപ്പുറം: ദേശീയപാതയില്‍ ഭാരതപ്പുഴക്ക് കുറുകെയുള്ള പാലത്തിനടിയില്‍നിന്ന് ഒരാഴ്ച ഇടവിട്ട് കുഴിബോംബ് അവശിഷ്ടങ്ങളും വെടിയുണ്ടകളും കണ്ടെത്തിയ സ്ഥലത്ത് വ്യാപക തിരച്ചില്‍. ഇന്റലിജന്‍സ് ഡി.ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡാണ് മിനി പമ്പയ്ക്കടുത്ത് പുഴയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും മറ്റും അരിച്ചുപെറുക്കിയത്.
മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍, സൈനിക വാഹനങ്ങള്‍ ചതുപ്പില്‍ താഴാതിരിക്കാന്‍ ഉപയോഗിക്കുന്ന പി.എസ്.പിയുടെ (പിയേഴ്‌സ് സ്റ്റീല്‍ പ്ലേറ്റ്) കഷണങ്ങള്‍ ലഭിച്ചു. ഇവ തുരുമ്പിച്ച നിലയിലാണ്. രാവിലെ ഒമ്പതോടെ തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലോടെയാണ് അവസാനിപ്പിച്ചത്. വ്യാഴാഴ്ച്ച പൊലീസ് നടത്തിയ പരിശോധനയില്‍ പുഴയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ 500 ഓളം വെടിയുണ്ടകളും അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.