കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ വന്‍ നാശനഷ്ടം സംഭവിച്ച പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും. കവളപ്പാറയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി സോണാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്ന് തുടങ്ങിയേക്കുമെന്നാണ് വിവരം.
പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും. സ്വകാര്യ ഡോഗ് ഏജന്‍സിയെ ദുരന്തഭൂമിയില്‍ എത്തിച്ചും തെരച്ചിലിന് ശ്രമിക്കുന്നുണ്ട്. വയനാട്ടിലെ പുത്തുമലയില്‍ ഇനി ഏഴുപേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ആകെ 10 മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. കവളപ്പാറയില്‍ ഇതുവരെ 23 മൃതദേഹം കണ്ടെത്തി. 36പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്.
വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞദിവസത്തില്‍ നിന്നും വ്യത്യസ്ഥമായി പന്ത്രണ്ടോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് മണ്ണുമാന്തി രക്ഷാദൗത്യം നടത്തിയത്.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 95 ആയി. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ ഇന്നലെ കണ്ടെത്തിയത് നാല് മൃതദേഹങ്ങളാണ്. ഇതോടെ കവളപ്പാറയില്‍ 23 പേരുടെ മരണം സ്ഥിരീകരിച്ചു. ഇനി 36 പേരെയാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്.