കാലവര്‍ഷം; മൂലമറ്റത്തെ ഉത്പാദനം താത്കാലികമായി നിർത്തണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

മൂവാറ്റുപുഴ: മഴ തുടരുന്ന സാഹചര്യത്തിൽ മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മൂവാറ്റുപുഴയിൽ ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. വൈദ്യുതി ഉല്പാദനത്തിനുശേഷം തള്ളിവിടുന്ന ജലം വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. മലങ്കര ഡാമിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിൻ്റെ അളവ് കുറയ്ക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.

അതേസമയം ഇടുക്കിയിൽ തൊടുപുഴ അടിമാലി മൂന്നാർ ഭാഗങ്ങളിൽ പുലർച്ചെ വരെ ശക്തമായ മഴയായിരുന്നു. ഇപ്പോൾ എല്ലായിടത്തും നേരിയ കുറവുണ്ട്.മൂലമറ്റം വലകെട്ടിയിൽ മലവെള്ളപാച്ചിലിൽ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ജില്ലയിൽ അഞ്ചു താലൂക്കുകളിലും കളക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു

ഇടുക്കി ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിപ്പിൽ വ്യക്തമാക്കി.

മഴ തുടരുന്ന സാഹചര്യത്തിലും പീച്ചി ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടതിനാല്‍ പാണഞ്ചേരി, പുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു തുടങ്ങി. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വെള്ളം കയറിയ പുഴബളളം ഭാഗത്തുള്ള വരെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാറ ഭാഗത്ത് നിന്നുമാണ് ആളുകളോട് മാറാന്‍ പറഞ്ഞിരിക്കുന്നത്. അങ്കണവാടി, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലേക്കാണ് മാറിയിരിക്കുന്നത്. ആവശ്യഘട്ടത്തില്‍ ക്യാമ്പ് തുടങ്ങാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.

Top