തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി.
എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങള്‍ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ഗതാഗത മന്ത്രി ആന്റണി രാജുവിന്റേയും വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകള്‍ നിരത്തിയുള്ള ഗതാഗത മന്ത്രിയുടെ മറുപടി. എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കൃത്യമാണെന്ന് ആന്റണി രാജു പറഞ്ഞു.
സെപ്റ്റംബര്‍ 5 വരെ 6,267,853 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ മാസം നടന്നത് 44,623 നിയമലംഘനങ്ങളാണ്. എംപിമാരും എംഎല്‍എമാരും 56 തവണ നിയമം ലംഘിച്ചു. 102.80 കോടി രൂപയുടെ ചെലാന്‍ അയച്ചു. ഇതില്‍ പിഴയായി 14.88 കോടി ലഭിച്ചുവെന്നും മന്ത്രി. മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെല്ലാം നിയമലംഘനത്തിന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. പിഴയൊടുക്കാത്ത കേസുകള്‍ വെര്‍ച്വല്‍ കോടതിയിലേക്കും പിന്നീട് ഓപ്പണ്‍ കോര്‍ട്ടിലേക്കും കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.