സീറ്റ് വിഭജന ചര്‍ച്ച വിജയം;17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും 63 സീറ്റില്‍ SP യും മത്സരിക്കും

ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയം. പരമ്പരാഗത സീറ്റുകളായ റായ്ബറേലിയും അമേഠിയും മോദിയുടെ മണ്ഡലമായ വരാണസിയും ഉള്‍പ്പെടെ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബാക്കി 63 മണ്ഡലങ്ങളില്‍ എസ്.പിയും മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. എസ്.പി, കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

2019-ല്‍ ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ട മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുല്‍ അമേഠിയില്‍നിന്ന് ജനവിധി തേടുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ രാജ്യസഭയിലേക്ക് പോയതിനാല്‍ ഇത്തവണ മകള്‍ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മാറ്റുരയ്ക്കുമെന്നാണ് സൂചന.

യു.പിയിലെ സഖ്യം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രിയങ്കാ ഗാന്ധി നിര്‍ണായകമായ പങ്കുവഹിച്ചെന്ന് യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിനായി സഖ്യം യാഥാര്‍ത്ഥ്യമാക്കിയതിന് അഖിലേഷ് യാദവിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Top