തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകള്‍ കൂട്ടുമെന്ന് മന്ത്രി ആര്‍ ബിന്ദു. പുതിയ കോഴ്‌സുകള്‍ തുടങ്ങും. ഗവേഷണ സൗകര്യം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം ലക്ഷ്യമിട്ട് മൂന്ന് കമ്മീഷനുകളെ നിയമിക്കാന്‍ തീരുമാനമായി. ഡോ ശ്യാം ബി മേനോന്‍ അധ്യക്ഷനായി ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍, ഡോ എന്‍ കെ ജയകുമാര്‍ അധ്യക്ഷനായി സര്‍വകലാശാല നിയമപരിഷ്‌കാര കമ്മീഷന്‍, പരീക്ഷ നടത്തിപ്പ് പരിഷ്‌കരിക്കുന്നതിനായി നാലംഗ പരീക്ഷ പരിഷ്‌കരണ കമ്മീഷന്‍ എന്നിങ്ങനെയാണ് അവ.
അതേസമയം, ഒക്ടോബര്‍ നാലിന് ശേഷം എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. കോളജുകള്‍ തുറക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ കോളേജില്‍ എത്തുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കും. കോവിഡ് മൂലം നേരിട്ട് ക്ലസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം തുടരുമെന്നും കോളജുകള്‍ തുറക്കുന്നതിന് മുമ്പ് അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുന്നതിന് സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.