തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായതിനാല്‍ ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. രണ്ടു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നു മുതല്‍ രണ്ടു ദിവസത്തേക്കു പ്രവേശനം വിലക്കിയാണു ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന ദേശീയ സമുദ്രഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പു നിലനില്‍ക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങളില്‍ 2.5 മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തീരത്തോടടുത്താണ് പ്രതിഭാസം കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. അതിനാല്‍ ബോട്ടുകള്‍ തീരത്തുനിന്നു കടലിലേക്കും, കടലില്‍നിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണം. ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ അവ നങ്കൂരമിടുമ്പോള്‍ നിശ്ചിത അകലം പാലിക്കണമെന്നും വിനോദസഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്നും നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.