ചേര്‍ത്തല : ചേര്‍ത്തലയില്‍ വ്യാജ പ്രമാണമുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യന്‍ അറസ്റ്റില്‍. കൊച്ചിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
ഇതിനിടെ കാണാതായ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടതായി ബന്ധു മൊഴി നല്‍കി. ഇവിടെ സ്ത്രീകള്‍ വന്നുപോയിരുന്നതായും ബന്ധു വെളിപ്പെടുത്തി. സെബാസ്റ്റ്യന്‍ ആഴ്ചകള്‍ക്ക് മുമ്പ് വീട്ടില്‍ ചില രേഖകള്‍ ഒളിപ്പിക്കാന്‍ വന്നിരുന്നതായി ബന്ധു പറഞ്ഞു.
സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉറ്റസുഹൃത്തിന്റെ മരണം പൊലീസിനെയും ഞെട്ടിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്താല്‍ ഒളിവിലുള്ള സെബാസ്റ്റ്യനെ കണ്ടെത്തുന്നതിനൊപ്പം കൂടുതല്‍ വിവരങ്ങളും ലഭിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ ബിഗ്‌ഷോപ്പറില്‍ നിറയെ നോട്ടുകളുമായി സെബാസ്റ്റ്യന്റെ ഉറ്റ സുഹൃത്ത് മനോജ് പോയിരുന്നു. അമ്മാവനു ലോട്ടറി അടിച്ച പണമാണെന്നാണു സുഹൃത്തുക്കളോടു പറഞ്ഞത്. സെബാസ്റ്റ്യന്റെ നാട്ടിലെ വിളിപ്പേരാണ് അമ്മാവന്‍. വിവരം ലഭിച്ച പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിവസം രാവിലെ വീട്ടില്‍ മനോജ് തൂങ്ങി മരിക്കുകയായിരുന്നു.
ദുരൂഹമായി കാണാതാവുകയും സ്വത്ത് നഷ്ടപ്പെടുകയു ചെയ്ത ബിന്ദു പത്മനാഭനെക്കുറിച്ച് ഒരു വിവരവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. 2017 സെപ്തംബറിലാണ് ബിന്ദു പത്മനാഭ(47)നെ കാണാതായത്. വീട്ടുകാരുമായി അകല്‍ച്ചയിലായിരുന്ന ബിന്ദു വല്ലപ്പോഴും മാത്രമേ വീട്ടില്‍ എത്തിയിരുന്നുളളു.