തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു; ടൊവീനോയെ വിമര്‍ശിച്ചതില്‍ ഖേദപ്രകടനവുമായി സെബാസ്റ്റ്യന്‍ പോള്‍

തിരുവനന്തപുരം: ടൊവീനോ തോമസിന്റെ ഫെയ്ബുക്ക് പോസ്റ്റ് തെറ്റിദ്ധരിച്ച് വിമര്‍ശനമുന്നയിച്ചതില്‍ ഖേദ പ്രകടനവുമായി സെബാസ്റ്റ്യന്‍ പോള്‍. ‘ടൊവീനോയുടെ കുറിപ്പ് തെറ്റായി മനസ്സിലാക്കിയതില്‍ ഖേദിക്കുന്നുവെന്നും തന്റെ കുറിപ്പില്‍ നിന്ന് ടൊവീനോയുടെ പേര് ഒഴിവാക്കുന്നു’ എന്നുമാണ് സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജനാധിപത്യത്തോടുള്ള നടന്റെ പ്രതിബദ്ധത മനസ്സിലാക്കാന്‍ ഈ അവസരം മൂലം സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

പോളിംഗ് ബൂത്തില്‍ ആദ്യം എത്തി വോട്ട് ചെയ്തു എന്ന ടൊവീനോയുടെ പോസ്റ്റാണ് ആദ്യ വോട്ട് എന്ന രീതിയില്‍ തെറ്റിദ്ധരിക്കപ്പെട്ടത്. ‘ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായതെന്നായിരുന്നു’ സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് കുറിപ്പ്. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു ടൊവീനോയെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍ കുറിപ്പിട്ടത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഇതെന്റെ ആദ്യ വോട്ടല്ല എന്നും സാറിനെപ്പൊലുള്ളവര്‍ ഇങ്ങനെ മണ്ടത്തരം പറഞ്ഞ് തെറ്റിദ്ധാരണ പരത്തരുതെന്നും ടൊവിനെ പറഞ്ഞു. ‘അങ്ങയോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു പറയട്ടെ , ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാന്‍ ചെയ്തത് എന്റെ കന്നി വോട്ട് അല്ല . Was the first one to vote from my polling station എന്ന് ഞാന്‍ എഴുതിയത് എന്റെ പോളിംഗ് സ്റ്റേഷനില്‍ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാന്‍ ആണ് എന്ന അര്‍ത്ഥത്തിലാണ്. അതിന്റെ അര്‍ത്ഥം അങ്ങനെ തന്നെ ആണെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയെപ്പോലെ ഇത്രയും വിവരവും വിദ്യാഭ്യാസവും ഉള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ ഇങ്ങനെ ഇവിടെ കുറിക്കുന്നത് അങ്ങേക്ക് തന്നെ അപഹാസ്യമാണ്.’ ടോവിനോ തോമസ് പറഞ്ഞു.

Top