നാലു തവണ ഫോര്‍മുല വണ്‍ ലോക കിരീടം ചൂടിയ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ വിരമിക്കുന്നു. സീസണിനൊടുവില്‍ ഫോര്‍മുല വണ്ണില്‍നിന്ന് വിരമിക്കുമെന്ന് 35കാരനായ വെറ്റല്‍ പറഞ്ഞു.
2010 മുതല്‍ 2013 വരെ തുടര്‍ച്ചയായി നാലു തവണയാണ് വെറ്റല്‍ ലോക ചാമ്പ്യനായത്. 53 ഗ്രാന്‍ പ്രി വിജയങ്ങളുമായി ലോക പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ലൂയിസ് ഹാമില്‍ട്ടണ്‍ (103 വിജയങ്ങള്‍), മൈക്കല്‍ ഷൂമാക്കര്‍ (91) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
‘കഴിഞ്ഞ 15 വര്‍ഷമായി ഫോര്‍മുല വണ്ണില്‍ നിരവധി മികച്ച ആളുകളുമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു, പരാമര്‍ശിക്കാനും നന്ദി പറയാനും ഒരുപാട് പേരുണ്ട്’ -വെറ്റല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ ഡ്രൈവറാണ്, ഞങ്ങളുടെ ഫലങ്ങള്‍ പ്രതീക്ഷിച്ചത്ര മികച്ചതല്ലെങ്കിലും, ഒരു ടീമിന് ഏറ്റവും ഉയര്‍ന്ന തലത്തില്‍ മത്സരിക്കാന്‍ ആവശ്യമായ എല്ലാം ഒരുമിച്ച് ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിക്കാനുള്ള തീരുമാനം എനിക്ക് ഏറെ ബുദ്ധിമുട്ടുള്ളതാണ്, അതിനെക്കുറിച്ച് ചിന്തിച്ച് ഞാന്‍ ഒരുപാട് സമയം ചെലവഴിച്ചു, പിതാവെന്ന നിലയില്‍ എന്റെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.