ഗ്രാന്‍ഡ് പ്രീക്‌സ് കാറോട്ട മത്സരത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

സിംഗപ്പൂര്‍: ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീക്‌സ് കാറോട്ട മത്സരത്തില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രീക്‌സിലാണ് ഫെരാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ കപ്പുയര്‍ത്തിയത്. ഫെരാരിയുടെതന്നെ ചാള്‍സ് ലെക്ലര്‍ക്ക് രണ്ടാമതും റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പന്‍ മൂന്നാമതുമെത്തി.

സീസണില്‍ ആദ്യകിരീടമാണ് വെറ്റല്‍ നേടിയത്. മൊണാക്കോ, കാനഡ ഗ്രാന്‍ഡ് പ്രീക്‌സുകളില്‍ രണ്ടാമതെത്തിയതായിരുന്നു മികച്ചനേട്ടം. കഴിഞ്ഞ സീസണിലെ ബെല്‍ജിയം ഗ്രാന്‍പ്രീയ്ക്കു ശേഷം 392 ദിവസത്തിനുശേഷമാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം നേടുന്നത്.

സീസണില്‍ അവസാനം നടന്ന മൂന്ന് ഗ്രാന്‍ഡ് പ്രീക്‌സുകളിലും മെഴ്‌സിഡസിനെ പിന്തള്ളി ഫെരാരി ഡ്രൈവര്‍മാര്‍ ജയിച്ചു. ബെല്‍ജിയം, ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രീക്‌സുകളില്‍ ഫെരാരിയുടെ ലെക്ലര്‍ക്കാണ് ജയിച്ചത്. മൊത്തം 15 ഗ്രാന്‍ഡ് പ്രീക്‌സുകളില്‍ മെഴ്‌സിഡസ് 10 എണ്ണത്തില്‍ കിരീടം നേടി. രണ്ടെണ്ണത്തില്‍ റെഡ്ബുള്ളാണ് വിജയം കണ്ടത്.

ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയി ഹാമില്‍ട്ടന്‍ (296) ഏറെ മുന്നിലാണ്. മെഴ്‌സിഡസിന്റെ ഫിന്‍ലന്‍ഡുകാരന്‍ വാള്‍ട്ടേരി ബോത്താസ് (231) രണ്ടാമതുണ്ട്. ചാള്‍സ് ലെക്ലര്‍ക്ക് (200), ബോത്താസ് (200) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 194 പോയന്റുമായി വെറ്റല്‍ അഞ്ചാമതാണ്. ആറു ഗ്രാന്‍ഡ് പ്രീക്‌സുകളാണ് ഇനി അവശേഷിക്കുന്നത്.

Top