തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ഇടത് മുന്നണി. അസംബ്ലി മണ്ഡലാടിസ്ഥാനത്തിൽ വിപുലമായ റാലികൾ സംഘടിപ്പിക്കും. സർക്കാരിന്റെ നേട്ടങ്ങൾക്കൊപ്പം തന്നെ ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ജനങ്ങൾക്കിടയിൽ പ്രചരണം നടത്തും. ഏപ്രിൽ 25 മുതൽ മെയ് 20 വരെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ബഹുജന റാലി സംഘടിപ്പിക്കും. ബഹുജന റാലിയിൽ എൽഡിഎഫ് നേതാക്കൾ, മറ്റ് ബഹുജന സംഘടന, സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മെയ് 20-ന് തിരുവനന്തപുരത്ത് എൽഡിഎഫ് ഗവൺമെന്റിന്റെ 2 വർഷം പൂർത്തീകരിക്കുന്ന ആഹ്ലാദ റാലി സംഘടിപ്പിക്കും. മുഖ്യമന്ത്രിയും, മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
ഇതിനുവേണ്ടി ഏപ്രിൽ 10നകം എല്ലാ എൽഡിഎഫ് ജില്ലാ കമ്മിറ്റികളും യോഗം ചേരും. ഏപ്രിൽ 15നകം എല്ലാ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. തുടർന്ന് ഏപ്രിൽ 25നകം എൽഡിഎഫിന്റെ ലോക്കൽ-പഞ്ചായത്ത് തല കമ്മിറ്റികളും ചേർന്ന് റാലിയുടെ വിശദമായ പരിപാടികൾ തയ്യാറാക്കുമെന്നും എൽഡിഎഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.
മണ്ഡലാടിസ്ഥാനത്തിൽ റാലി നടക്കുന്നതിന് ഒരാഴ്ച മുമ്പ് എൽഡിഎഫ് തയ്യാറാക്കുന്ന ലഘുലേഖ ഇടതുപക്ഷ ഗവൺമെന്റിന്റെ ഭരണ നേട്ടങ്ങൾ, ഭാവിയിൽ നടപ്പിലാക്കാൻ വേണ്ടിപ്പോകുന്ന പദ്ധതികൾ, ജനക്ഷേമ കേരളം കെട്ടിപ്പടുക്കാനുള്ള പദ്ധതികളെല്ലാം വിശദീകരിക്കുക.യും, ആർഎസ്എസും യുഡിഎഫും നടത്തുന്ന ജനവിരുദ്ധ നടപടികൾ തുറന്നുകാണിക്കുന്ന ലഘുലേഖ എൽഡിഎഫ് പ്രവർത്തകർ വീട് വീടാന്തരം കയറി വിതരണം ചെയ്യും.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയാകെ തകിടം മറിക്കുന്നവിധമുള്ള നിലപാടുകളാണ് യുഡിഎഫും, കേന്ദ്ര സർക്കാരും സ്വീകരിക്കുന്നത്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന തുറന്നു കാട്ടുന്നതുമായിരിക്കും വാർഷികാഘോഷ പരിപാടികൾ. ബിജെപിയുമായി ചേർന്ന് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചരണ വേലകളെ തുറന്നുകാട്ടും. ജനവിരുദ്ധ സാമ്പത്തിക നയത്തെ പിന്തുണച്ചുകൊണ്ടും, ഹിന്ദുത്വ വർഗീയതക്കെതിരെ ചാഞ്ചാട്ട നിലപാടും സ്വീകരിക്കുന്ന യുഡിഎഫിന്റെ നയങ്ങളേയും തുറന്നുകാട്ടുന്ന പരിപാടി കൂടിയായിരിക്കും ഇത്-എൽഡിഎഫ് വാർത്താ കുറിപ്പിൽ പറഞ്ഞു.
ജനക്ഷേമകരമായ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ സംസ്ഥാനത്ത് അസ്വസ്ഥതകൾ പരത്താനുള്ള പലവിധ ഗൂഢശ്രമങ്ങൾ നടക്കുകയാണ്. ഇവക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും എൽഡിഎഫ് വാർത്താ കുറിപ്പിൽ പറഞ്ഞു.