മിര്‍സാപൂര്‍: രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തല കീഴാക്കി തൂക്കി പിടിച്ച് അധ്യാപകന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്റോറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന്റെ നടപടി.
അഹ്റോറയിലെ സ്വകാര്യ സ്‌കൂളായ സദ്ഭാവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് ദൃശ്യങ്ങളിലുള്ളത് എന്നാണ് വിവരം. സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ ഒറ്റക്കയ്യില്‍ കുട്ടിയെ തല കീഴാക്കി പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപകന്റെ നടപടി. കുഞ്ഞ് നിലവിളിച്ച് ക്ഷമാപണം നടത്തിയതിന് ശേഷമാണ് വിശ്വകര്‍മ്മാ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തില്‍ സാമൂഹിക മാധ്യങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അധ്യാപകന്റെ നടപടിയെ വിമര്‍ശിച്ച് കുട്ടിയുടെ രക്ഷിതാക്കളും രംഗത്ത് എത്തി. ‘എന്റെ മകന്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ഗോല്‍ ഗപ്പ കഴിക്കാന്‍ പോയിരുന്നു. കുട്ടി അല്‍പം വികൃതിയാണ്, ഇതിനാണ് പ്രിന്‍സിപ്പല്‍ മകന്റെ ജീവന് അപകടത്തിലാക്കാവുന്ന ശിക്ഷ് നല്‍കിയതെന്നും’ കുട്ടിയുടെ അച്ഛന്‍ രഞ്ജിത് യാദവ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷ്‌കര്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.