ന്യൂഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കഴുത്തില്‍ കത്തിയുടെ രണ്ട് മുറിവുകളാണ് കാണപ്പെട്ടത്. കഴുത്തിലെ ഞരമ്പ് മുറിച്ചതാണ് മരണകാരണമായതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്രമിക്കപ്പെട്ടപ്പോള്‍ കുട്ടി നിലവിളിക്കാതിരുന്നത് കഴുത്തിലെ ഞരമ്പ് മുറിഞ്ഞതിനാലാണെന്നും കരുതുന്നു. കുട്ടി കൊല്ലപ്പെടുന്നതിനു മുമ്പ് ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ ലൈംഗീക പീഡനം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റയാന്‍ ഇന്റര്‍നാഷണലിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിനെ സ്‌കൂളിന്റെ ശൗചാലയത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ മാത്രമാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിച്ചിട്ടുണ്ട്.