തിരുവനന്തപുരം: വിഴിഞ്ഞത് എത്തിയ ആദ്യ കപ്പലിൽ നിന്നുള്ള രണ്ടാമത്തെ ക്രെയിൻ ഇന്ന് തീരത്ത് ഇറക്കും. മൂന്ന് ക്രെയിനുകളിൽ ആദ്യത്തേത് ഇന്നലെ ഇറക്കിയിരുന്നു. ഷിൻ ഹുവാ 15 കപ്പലിലെ 3 ചൈനീസ് ജീവനക്കാരും മുംബൈയിൽ നിന്നെത്തിയ വിദഗ്ദരും ചേർന്നാണ് ക്രെയിൻ ഇറക്കുന്നത്. ചൈനീസ് പൗരന്മാർക്ക് തുറമുഖത്തു ഇറങ്ങാൻ കേന്ദ്രം ആദ്യം അനുമതി നൽകാതിരുന്നത് അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു. അനുമതി കിട്ടിയതും കടൽ ശാന്തമായതും കൊണ്ടാണ് ക്രെയിൻ ഇറക്കി തുടങ്ങിയത്. മൂന്നാമത്തെ ക്രെയിനും ഇറക്കി ചൊവ്വാഴ്ച്ചയോടെ കപ്പൽ മടങ്ങാനാണ് നീക്കം.
ആഘോഷപൂർവ്വം ആദ്യ കപ്പലിനെ വരവേറ്റ് ദിവസങ്ങൾ കഴിഞ്ഞിട്ടും കപ്പലിലെത്തിച്ച ക്രെയിനുകൾ ഇറക്കാന്‍ സാധിച്ചിരുന്നില്ല. ഷെൻ ഹുവ 15 കപ്പലിൽ ചൈനീസ് പൗരന്മാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് കിട്ടാത്തതായിരുന്നു കാരണം. അദാനി ഗ്രൂപ്പിന്റെയും സംസ്ഥാന സർക്കാറിന്റെയും സമ്മർദ്ദത്തിന് ഒടുവിലാണ് 12 ചൈനീസ് പൗരന്മാരിൽ 3 പേർക്ക് കപ്പലിൽ നിന്ന് കരയിലേക്ക് ഇറങ്ങാൻ അനുമതി കിട്ടിയത്. ഏറ്റവും വിദഗ്ധരായ 3 പേർക്കെങ്കിലും അനുമതി വേണമെന്ന ആവശ്യമാണ് കേന്ദ്ര സർക്കാർ ഏറ്റവും ഒടുവിൽ അംഗീകരിച്ചത്.
ഷാങ് ഹായ് പിഎംസിയുടെ മുംബെയിൽ നിന്നെത്തിയ 60 വിദഗ്ധരുടെ കൂടെ സഹായത്തോടെയാണ് കപ്പലിലെത്തിയ മൂന്ന് പേരുടെ കൂടി ശ്രമഫലമായി ആദ്യ ക്രെയിൻ ഇറക്കിയത്. കപ്പൽ തുറമുഖത്ത് പിടിച്ചിട്ടിരുന്നാൽ അദാനി ഗ്രൂപ്പിന് അത് വലിയ നഷ്ടമാണ്. ഒരു ദിവസം 25000 യുഎസ് ഡോളറാണ് നഷ്ട പരിഹാരമായി നൽകേണ്ടത്. വിഴിഞ്ഞത്തെ പ്രത്യേക സാഹചര്യം ഉന്നയിച്ച് നഷ്ട പരിഹാരം ഒഴിവാക്കാനുള്ള ചർച്ചയും അദാനി തുടങ്ങിയിരുന്നു. മുന്ദ്രയിലും ക്രെയിനുകൾ ഇറക്കിയെങ്കിലും വിഴിഞ്ഞത്തെ സാഹചര്യം വ്യത്യസ്തമാണ്. പ്രവർത്തിക്കുന്ന തുറമുഖമായതിനാൽ മുന്ദ്രയിൽ തന്നെ വിദഗ്ധർ ഏറെയുണ്ട്. എന്നാൽ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യാതെ പണിനടക്കുന്ന സ്ഥലമാണ്. ആറു മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന വാഗ്ദാനം പാലിക്കലാണ് അദാനിക്കും സംസ്ഥാന സർക്കാറിനും മുന്നിലെ വെല്ലുവിളി.