ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 367 റണ്‍സില്‍ അവസാനിച്ചു. 56 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആറു റണ്‍സ് എടുക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (പൂജ്യം), കീറന്‍ പവല്‍ (പൂജ്യം) എന്നിവരാണ് പുറത്തായത്. ബ്രാത്‌വയ്റ്റിനെ ഉമേഷ് യാദവും പവലിനെ അശ്വിനും പുറത്താക്കി.
ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. ഷായ് ഹോപ് (16), ഹെറ്റ്മയര്‍ (4) എന്നിവര്‍ ക്രീസില്‍. ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 36 റണ്‍സ് പിന്നിലാണ് വിന്‍ഡീസ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്.
നാലിന് 308 റണ്‍സെന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് 59 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. 84-ാം ഓവറില്‍ വിന്‍ഡീസ് ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു.