Second Italian marine Girone too can return home: Supreme Court

ന്യൂഡല്‍ഹി : കടല്‍ക്കൊലക്കേസ് പ്രതിയായ ഇറ്റാലിയന്‍ നാവികന് നാട്ടിലേക്ക് മടങ്ങാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ പി.സി പന്തും ഡി.വൈ ചന്ദ്രചൂഡുമാണ് ഹര്‍ജി പരിഗണിച്ചത്. കടല്‍ക്കൊല കേസ് രാജ്യാന്തര ട്രൈബ്യൂണലില്‍ തീര്‍പ്പാക്കുന്നതുവരെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാവികന്‍ സാല്‍വത്തോറെ ജിറോണാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇന്ത്യയും ഇറ്റലിയും തമ്മിലെത്തിച്ചേര്‍ന്ന രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കി നാട്ടിലേക്ക് വിടണമെന്നായിരുന്നു ഇറ്റാലിയന്‍ നാവികന്റെ ആവശ്യം.

ജര്‍മ്മനിയിലെ രാജ്യാന്തര കടല്‍ നിയമ തര്‍ക്ക ട്രൈബ്യൂണലില്‍ കേസ് തീര്‍പ്പാകുന്നതുവരെ ജിറോണിനെ ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ഹേഗിലെ രാജ്യാന്തര മധ്യസ്ഥ ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് മറ്റൊരു പ്രതിയായ ലത്തോറെ മാസിമിലാനോ ഇറ്റലിയിലേക്ക് പോയിരുന്നു. കസ്റ്റഡിയില്‍ കഴിയുന്ന ജിറോണിനെ സുപ്രീംകോടതി നിര്‍ദേശപ്രാകരം ജയില്‍മോചിതരാക്കി ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിപ്പിച്ചിരിക്കുന്നത്.

Top