ന്യൂഡല്‍ഹി : ഇന്ത്യയില്‍ പുതിയ കോംപാക്റ്റ് ഹാച്ച്ബാക്ക് അവതരിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ഹ്യുണ്ടായ്.
സാന്‍ട്രോയുടെ അപരനാമത്തില്‍ 2018-ന്റെ പകുതിയോടെ പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീര്‍ഘകാലത്തോളം, ഏറ്റവുമധികം വിജയം വരിച്ചതും ജനപ്രീതിയാര്‍ജ്ജിച്ചതുമായ ഹ്യുണ്ടായ് മോഡലുകളിലൊന്നായിരുന്നു സാന്‍ട്രോ. 2015-ലാണ് സാന്‍ട്രോയുടെ നിര്‍മ്മാണം ഹ്യുണ്ടായ് നിര്‍ത്തിവെച്ചത്.
സാന്‍ട്രോ ബ്രാന്‍ഡ് ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹ്യുണ്ടായ് ലൈനപ്പില്‍ ഇയോണിനും ഗ്രാന്‍ഡ് ഐ10 നും ഇടയിലായിരിക്കും പുതിയ സാന്‍ട്രോയുടെ സ്ഥാനം.
1.1 ലിറ്റര്‍ ഐആര്‍ഡിഇ എന്‍ജിന്‍ പുതിയ ഹ്യുണ്ടായ് സാന്‍ട്രോ കോംപാക്റ്റ് ഹാച്ച്ബാക്കിന് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്‍ട്രോ സിംങിന് ഇതേ എന്‍ജിനാണ് നല്‍കിയിരുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും പുതിയ സാന്‍ട്രോ പുറത്തിറക്കിയേക്കും. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനായിരിക്കും എന്‍ജിനുകളില്‍.
പുതിയ സാന്‍ട്രോയുടെ ചില വേരിയന്റുകള്‍ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാന്‍ എല്ലാ സാധ്യതകളുമുണ്ട്.
പഴയ സാന്‍ട്രോയില്‍നിന്ന് അകവും പുറവും തീര്‍ത്തും വിഭിന്നനായിരിക്കും പുതിയ സാന്‍ട്രോ. കാറിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേഡായി ലഭിക്കും.
പുതിയ ഹ്യുണ്ടായ് സാന്‍ട്രോയ്ക്ക് നാല് ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സാന്‍ട്രോ വരുന്നത് മാരുതി സുസുകി വാഗണ്‍ആര്‍, ടാറ്റ ടിയാഗോ എന്നിവയ്ക്ക് വെല്ലുവിളിയായേക്കും.