തിരുവനന്തപുരം: തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനിച്ചു. അസൗകര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ, അവ പരിഹരിക്കാമെന്ന ഉറപ്പില്‍ എം.ബി.ബി.എസിന് 100 സീറ്റില്‍ പ്രവേശം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍, ഇക്കൊല്ലം സൗകര്യം ഒരുക്കാന്‍ ആവില്ലെന്ന് മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇതോടെ ജനറല്‍ ആശുപത്രിയും തൈക്കാട് ആശുപത്രിയും യോജിപ്പിച്ച് ആരംഭിക്കാനിരുന്ന ഇന്ദിരഗാന്ധി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ പ്രവേശം ഇല്ലാതായി.
25,000 രൂപ വാര്‍ഷിക ഫീസില്‍ 100 വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് പഠിക്കാനുള്ള അവസരം സര്‍ക്കാര്‍ തീരുമാനത്തിലൂടെ നഷ്ടമായി എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ ജൂലൈക്കുള്ളില്‍ ഒരുക്കാനാവില്ലെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കല്‍ കോളേജ് ഭാവിയില്‍ ഉണ്ടാകുമോ ഇല്ലയോ എന്ന് പറയാനാവില്ല.
എത്രനാള്‍കൊണ്ട് സൗകര്യം ഒരുക്കാനാവുമെന്നും പറയുന്നില്ല. നിലവിലെ മെഡിക്കല്‍ കോളേജുകളുടെ സൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
അവയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പുതിയ മെഡിക്കല്‍ കോളേജുകളെല്ലാം മതിയായ സൗകര്യമൊരുക്കാതെയാണ് തുടങ്ങിയത്.
ഇടുക്കിയിലേതുപോലെ അസൗകര്യങ്ങള്‍മൂലം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും സംയോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങാനായിരുന്നു മുന്‍ സര്‍ക്കാറിന്റെ തീരുമാനം.
ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തുടക്കം മുതല്‍ ഇതിന് എതിരായിരുന്നു. അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് അവര്‍ മെഡിക്കല്‍ കൗണ്‍സിലിന് പരാതിയും നല്‍കിയിരുന്നു.
പ്രിന്‍സിപ്പല്‍ തസ്തികയില്‍ അടക്കം 109 ഡോക്ടര്‍മാരുടേതുള്‍പ്പെടെ 134 തസ്തിക ഇവിടെ സൃഷ്ടിച്ചിരുന്നു. 138000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അക്കാദമിക് ബ്ലോക്കും ഒരുക്കിയിരുന്നു.
ഒ.പി, ഐ.പി രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍, മൈനര്‍ ഓപറേഷന്‍ തിയറ്റര്‍ ഉള്‍പ്പെടെ മറ്റു സൗകര്യങ്ങളും ഒരുക്കി.
മുഴുവന്‍ സൗകര്യങ്ങളും ഒരുക്കണമെങ്കില്‍ ഇനിയും കോടിക്കണക്കിനുരൂപ ചെലവിടേണ്ടി വരും. അതിനാലാണ് പിന്മാറാനുള്ള സര്‍ക്കാര്‍ തീരുമാനം.