സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകൾക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 274 റണ്‍സാണ് നേടിയത്. 86 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. റിച്ച ഘോഷ് 44 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കായി തഹിലിയ മഗ്രാത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ഓവറില്‍ ആറ് റണ്‍സിനു മുകളില്‍ റണ്‍ നിരക്ക് സൂക്ഷിച്ച് സ്‌കോര്‍ ചെയ്ത ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഷഫാലി വര്‍മ്മയെ (22) ക്ലീന്‍ ബൗള്‍ഡാക്കിയ സോഫി മോളിന്യൂ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ക്യാപ്റ്റന്‍ മിതാലി രാജിന് ഏറെ നേരം ക്രീസില്‍ തുടരാനായില്ല. 8 റണ്‍സെടുത്ത മിതാലി റണ്ണൗട്ടായി മടങ്ങി. യസ്തിക ഭാട്ടിയയും (3) വേഗം മടങ്ങി. ഡാര്‍സി ബ്രൗണിന്റെ പന്തില്‍ ആഷ് ഗാര്‍ഡ്‌നര്‍ പിടിച്ചാണ് യസ്തിക പുറത്തായത്.
നാലാം വിക്കറ്റില്‍ സ്മൃതിക്കൊപ്പം ക്രീസിലൊത്തു ചേര്‍ന്ന റിച്ച ഘോഷ് മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇതിനിടെ സ്മൃതി ഫിഫ്റ്റി തികച്ചു. റിച്ചയുമൊത്തുള്ള 76 റണ്‍സിന്റെ കൂട്ടുകെട്ടിനൊടുവില്‍ സ്മൃതി മടങ്ങി. 86 റണ്‍സെടുത്ത താരം തഹിലിയ മഗ്രാത്തിന്റെ പന്തില്‍ ബെത്ത് മൂണിയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിലെത്തിയ ദീപ്തിയും നന്നായി ബാറ്റ് ചെയ്തു. ഇതിനിടെ ഫിഫ്റ്റിക്ക് 6 റണ്‍സ് മാത്രം അകലെ റിച്ച ഘോഷ് പുറത്തായി. റിച്ചയെ തഹിലിയ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. 23 റണ്‍സെടുത്ത ദീപ്തിയെ എലിസ് പെറിയുടെ കൈകളിലെത്തിച്ച തഹിലിയ മൂന്ന് വിക്കറ്റ് തികച്ചു.
ഏഴാം വിക്കറ്റില്‍ പൂജ വസ്ട്രാക്കറും ഝുലന്‍ ഗോസ്വാമിയും ചേര്‍ന്ന് നേടിയ ചില ബൗണ്ടറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റില്‍ 53 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ഇവര്‍ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് വേര്‍പിരിയുന്നത്. 29 റണ്‍സെടുത്ത പൂജയെ മോലിന്യൂ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഗോസ്വാമി (28) പുറത്താവാതെ നിന്നു.