തിരുവനന്തപുരം: സംസ്ഥാനത്തെ ഊര്‍ജ്ജലഭ്യതയില്‍ മുന്നേറ്റം സൃഷ്ടിക്കുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
”മൊത്തം 514 കി.മീ ദൈര്‍ഘ്യമുള്ള ഗെയില്‍ പൈപ്പ് ലൈനിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം രേഖാ മൂലം തെളിയിച്ച എല്ലാ ഭൂവുടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. പ്രമാണങ്ങള്‍ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും നഷ്ടപരിഹാരം നല്‍കി വരുന്നു.” 404 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി വകയിരുത്തുകയും അതില്‍ 372 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുകയും ചെയ്‌തെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുറഞ്ഞ ചെലവില്‍ മികച്ച ഇന്ധനം ലഭ്യമാക്കുന്ന ഈ പദ്ധതിയ്‌ക്കെതിരെ വലിയ പ്രചാരണമാണ് തുടക്കത്തിലുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ”എന്നാല്‍ തെറ്റിദ്ധാരണ പരത്തി ജനങ്ങളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. അര്‍ഹമായവര്‍ക്കെല്ലാം മികച്ച നഷ്ടപരിഹാരം ഉറപ്പുവരുത്തി ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. ഇന്ന് ജനങ്ങളുടെ പിന്തുണയോടെ മികച്ച രീതിയില്‍ പദ്ധതി പുരോഗമിക്കുകയാണ്. അസാധ്യമെന്ന് കരുതിയ, നാടിന്റെ വികസനത്തിനു മുതല്‍ക്കൂട്ടാകുന്ന ഈ ബൃഹദ് പദ്ധതി ജനങ്ങളും സര്‍ക്കാരും ഒത്തു ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കുകയാണ് ചെയ്തത്.” അഭിമാനകരമായ ആ മാതൃക പിന്തുടര്‍ന്ന് കേരളത്തിന്റെ പുരോഗതിയ്ക്കായി ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.