യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്

യുക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്. ചര്‍ച്ചയ്ക്കായി യുക്രൈന്‍ പ്രതിനിധി സംഘം തിരിച്ചതായി പ്രസിഡിന്റിന്റെ ഉപദേഷ്ടാവ് മിഖായേലോ പൊഡോലിയാക് പറഞ്ഞു. രണ്ടു ദിവസം മുന്‍പ് ബെലറൂസില്‍ നടന്ന റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഫലംകണ്ടിരുന്നില്ല.

യുക്രൈന്‍ സംഘം ഹെലികോപ്ടറിലാണ് ചര്‍ച്ചയ്ക്കായി തിരിച്ചിരിക്കുന്നത്. പ്രാദേശിക സമയം രാത്രി ഏഴരയ്ക്ക് ചര്‍ച്ച ആരംഭിക്കുമെന്ന് യുക്രൈന്‍ സംഘത്തിലുള്ള ഡെവിഡ് അരാഖമിയ ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തി. അതേസമയം, ചര്‍ച്ച എവിടെവച്ചായിരിക്കുമെന്ന കാര്യം വ്യക്തമല്ല.

രണ്ടാംഘട്ട ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ സംഘത്തിലെ പ്രമുഖനായ വഌദ്മിര്‍ മെഡിന്‍സ്‌കിയെ ഉദ്ധരിച്ച് നേരത്തെ ബെലറൂസ് വാര്‍ത്താ ഏജന്‍സിയായ ബെല്‍റ്റ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുദ്ധഭൂമിയില്‍നിന്ന് നാട്ടുകാര്‍ക്ക് രക്ഷപ്പെടാനായി മാനുഷിക ഇടനാഴി സ്ഥാപിക്കുന്ന കാര്യമായിരിക്കും ആദ്യം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമായിരിക്കും വെടിനിര്‍ത്തല്‍, സേനാപിന്മാറ്റം അടക്കമുള്ള വിഷയങ്ങളിലേക്ക് യുക്രൈന്‍ കടക്കുക.

Top