സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് ആരംഭിച്ചു. ഏറെ കാലത്തെ ഇടവളേക്ക് ശേഷം ഫവാദ് ആലം പാക് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2009-ലാണ് ഇതിന് മുമ്പ് ഫവാദ് പാകിസ്താനായി ടെസ്റ്റ് കളിച്ചത്.
അതേസമയം ഇംഗ്ലണ്ടില്‍ രണ്ട് മാറ്റങ്ങളുണ്ട്. വ്യക്തിപരമായ കാരണത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബെന്‍ സ്റ്റോക്ക്‌സിന് പകരക്കാരനായി ഒല്ലി റോബിന്‍സനെ ടീമില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍ പ്ലെയിങ് ഇലവനില്‍ റോബിന്‍സണ്‍ സ്ഥാനം നേടിയില്ല. പകരം സാക് ക്രാവ്‌ലിയാണ് അവസാന ഇലവനില്‍ ഇടം പിടിച്ചത്. പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന് പകരം സാം കറനും ഇംഗ്ലണ്ട് ടീമിലെത്തി. ഈ ടെസ്റ്റില്‍ കൂടി വിജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം.