ഡൽഹി : കൊവിഡ് വാക്സിൻ വിതരണത്തിന്റെ രണ്ടാമത്തെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും. രാജ്യത്തെ മുഴുവൻ ജില്ലകളിലും ട്രയൽ റൺ നടക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനുവരി രണ്ടിനായിരുന്നു ആദ്യ ട്രയൽ റൺ.കേരളം അടക്കം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ട്രയൽ റൺ നടന്നിരുന്നു.
കേരളത്തിൽ തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി, ഇടുക്കി വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ട്രയൽ റൺ നടന്നത്.വാക്സിൻ നൽകുന്നതിനുള്ള മുൻഗണന പട്ടിക തയാറാക്കാൻ സംസ്ഥാനങ്ങൾക്ക് നേരത്തേ കേന്ദ്രം നിർദേശം നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, മുന്നണി പ്രവർത്തകർ, പ്രായമായവർ, ഗുരുതര അസുഖങ്ങളുള്ളവർ എന്നിങ്ങനെ ക്രമത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക.