ലഖ്‌നൗ: കോവിഡ് രണ്ടാം തരംഗം ഉത്തര്‍പ്രദേശ് വിജയകരമായി കൈകാര്യം ചെയ്‌തെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദഗ്ധര്‍ പ്രവചിച്ചതിനെ അസ്ഥാനത്താക്കി കോവിഡ് കാര്യക്ഷമതയോടെ കൈകാര്യം ചെയ്‌തെന്നും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കോവിഡ് മരണനിരക്ക് യു.പിയില്‍ കുറവാണെന്നും യോഗി പറഞ്ഞു.
”ഞങ്ങള്‍ ഒരുപാട് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. മൊത്തം ടെസ്റ്റുകളുടെ എണ്ണം ആറു കോടി കടക്കാറായി. മരണനിരക്ക് നോക്കുകയാണെങ്കില്‍ യു.പിയിലേത് വലിയ സംസ്ഥാനങ്ങളേക്കാളും പല രാജ്യങ്ങളുടേതിനെക്കാളും ഭേദമാണ്”
”കുറച്ചാളുകള്‍ സംസ്ഥാനത്തെ കോവിഡ് രണ്ടാംതരംഗത്തെക്കുറിച്ച് ഇല്ലാ കഥകള്‍ പറഞ്ഞു. അവര്‍ പറയുന്നത് മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുകയാണെന്നാണ്. പക്ഷേ പുഴയോരത്ത് ജീവിക്കുന്നവര്‍ പറയുന്നത് അത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായുള്ള ജല്‍ പ്രവാഹിന്റെ ഭാഗമായുള്ളതാണെന്നാണ്. ആരും അതേക്കുറിച്ച് സംസാരിച്ചില്ല”
”ലോകത്തെ വിദഗ്ധര്‍ പറഞ്ഞു യു.പിയിലെ കോവിഡ് സ്ഥിതി ജൂണ്‍ അവസാനം ഗുരുതരമാകുമെന്ന്. പക്ഷേ ജൂണ്‍ 23ന് 208 കേസുകള്‍ മാത്രമാണുള്ളത്. 3.5 ലക്ഷം ആക്ടിവ് കേസുകള്‍ ഉണ്ടാകുമെന്ന് പറഞ്ഞ സംസ്ഥാനത്ത് ഇപ്പോള്‍ വെറും 3,666 കേസുകള്‍ മാത്രമാണ് ഉള്ളത്” -യോഗി പറഞ്ഞു.