ആണവായുധം നിര്‍മ്മിക്കാന്‍ ഇറാന്‍ 2002 മുതല്‍ ശ്രമിക്കുന്നു; വാദം പൊളിച്ച് ‘രഹസ്യരേഖ’ പുറത്ത്

റാന്‍ ഭരണകൂടം 2002 മുതല്‍ ആണവായുധം നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി വ്യക്തമാക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ പുറത്ത്. യുദ്ധാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ആണവോര്‍ജ്ജം മാറ്റിയെടുക്കാനുള്ള ശാസ്ത്രജ്ഞരുടെ പദ്ധതികള്‍ക്കാണ് രഹസ്യരേഖ അടിവരയിടുന്നത്. തെഹ്‌റാന്റെ മുതിര്‍ന്ന ആണവ ഉദ്യോഗസ്ഥന്‍ ഈ നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ചിരുന്നതായും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

2018ല്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളാണ് ഇവ. ഈ രേഖകളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ലോകത്തിന് മുന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ചത്. ഇറാന്റെ ആണവ പദ്ധതികള്‍ തുറന്നുകാണിക്കുന്ന നിരവധി രേഖകളാണ് നിരവധി മുന്‍ പ്രസിഡന്റുമാരും, പ്രധാനമന്ത്രിമാരും ഉള്‍പ്പെടുന്ന ഫോറിന്‍ പോളിസി വിദഗ്ധ സംഘമായ ഫ്രണ്ട്‌സ് ഓഫ് ഇസ്രയേല്‍ ഇനീഷ്യേറ്റീവ് ഉടന്‍ പുറത്തുവിടാന്‍ ഒരുങ്ങുന്നത്. തെഹ്‌റാന്റെ രഹസ്യവിവരങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്ന ഈ സംഘത്തിന് നേതൃത്വം നല്‍കുന്ന കാനഡയുടെ മുന്‍ വിദേശകാര്യ മന്ത്രി ജോണ്‍ ബെയേര്‍ഡാണ്.

യുദ്ധമുഖത്ത് പ്രയോഗിക്കാന്‍ കഴിയുന്ന മിസൈലായി മാറ്റുന്ന വിഷയം സംബന്ധിച്ച് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ എഴുതിയ 2002 നവംബര്‍ 28ലെ രേഖകള്‍ ഉള്‍പ്പെടെയാണ് ഇവര്‍ക്ക് തെളിവായി ലഭിച്ചിരിക്കുന്നത്. ഈ കുറിപ്പില്‍ ഇറാന്‍ ആണവ ശാസ്ത്ര മേധാവി മോഷന്‍ ഫക്രിസാദെ തന്റെ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ദൈവനാമത്തില്‍, ഇപ്പോള്‍ ട്രീറ്റ്‌മെന്റ് നടപടികളാണ്, രേഖയുടെ ഒറിജിനല്‍ ദയവായി സൂക്ഷിച്ച് വെയ്ക്കുക. ഫക്രിസാദെ’, എന്നാണ് ഇതില്‍ കുറിച്ചിരിക്കുന്നത്.

തങ്ങളുടെ ആണവ പദ്ധതി എങ്ങും എത്തിയിട്ടില്ലെന്ന ഇറാന്‍ ഭരണകൂടത്തിന്റെ വാദം തെറ്റാണെന്ന് ഈ രേഖയെ ഉദ്ധരിച്ച് എഫ്ഒഐഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേനിയെ സന്ദര്‍ശിക്കാറുള്ള ഫക്രിസാദെയുടെ അസാധാരണ അധികാരവും വെളിവാക്കുന്നു. ഇറാന്‍ ഒരു സമ്പൂര്‍ണ്ണ ആണവ ശക്തിയായി മാറാന്‍ ഒരുങ്ങുന്നുവെന്ന് ഈ രേഖകള്‍ തെളിയിക്കുന്നതെന്ന് എഫ്ഒഐഐ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ സ്ഥിരീകരിക്കുന്നു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നിവരുമായി ഒപ്പുവെച്ച 2015ലെ ആണവ കരാര്‍ ലംഘിക്കുന്നതാണ് ഇറാന്റെ ഈ പ്രവൃത്തികളെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആണവോര്‍ജ്ജം സമാധാനത്തിന് മാത്രമാണ് ഉപയോഗിക്കുകയെന്ന ആ രാജ്യത്തിന്റെ വാദം നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയിരുന്നു.

Top