ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ യു.എന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 99 പ്രയോഗിച്ച് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വെടിനിര്‍ത്തല്‍ പ്രമേയം ഇതുവരെ യു.എന്‍ രക്ഷാസമിതി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് സെക്രട്ടറി ജനറലിന്റെ അപൂര്‍വ നീക്കം. ഗസ്സയില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഗുട്ടെറസ് രക്ഷാസമിതി അംഗങ്ങളോട് ആവശ്യപ്പെട്ടു.
മാനുഷിക വ്യവസ്ഥയുടെ ഗുരുതരമായ തകര്‍ച്ചയേയും അപകട സാധ്യതയേയും നമ്മള്‍ അഭിമുഖീകരിക്കുന്നുവെന്നും പരിഹരിക്കാന്‍ പറ്റാത്ത രീതിയിലുള്ള പ്രത്യാഘാതങ്ങളാണ് ഫലസ്തീനില്‍ ഉണ്ടാവുന്നതെന്നും രക്ഷാകൗണ്‍സില്‍ പ്രസിഡന്റിനയച്ച കത്തില്‍ ഗുട്ടെറസ് പറഞ്ഞു. ഇത്തരം സ്ഥിതിഗതികള്‍ അതിവേഗത്തില്‍ ദുരന്തമാവുമെന്നും അത്തരമൊരു ഫലം എന്തുവിലകൊടുത്തും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ സുരക്ഷാ കൗണ്‍സിലിനോട് ഇടപെടല്‍ ആവശ്യപ്പെടാനുള്ള വകുപ്പാണ് ആര്‍ട്ടിക്കിള്‍ 99. വന്‍പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് ലോകത്തിനുള്ള മുന്നറിയിപ്പ് കൂടിയാണിത്. 15 അംഗ രക്ഷാ സമിതിയില്‍ ചൈന, റഷ്യ, യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സ്ഥിരാംഗങ്ങളാണ്. ഇതുവരെ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയം അമേരിക്ക വീറ്റോ അധികാരം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം രണ്ട് മാസം പിന്നിടുമ്പോള്‍ ഗുട്ടെറസിന്റെ ഇടപെടല്‍.