പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായും അബ്ദുൽ സത്താർ പ്രസ്താവനയിലൂടെ അറിയിച്ചു.

‘പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി അതിന്റെ എല്ലാ മുൻ അംഗങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. നിയമവിരുദ്ധമെന്ന വിജ്ഞാപനം പ്രസിദ്ധീകരിച്ചതു മുതൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾ നിർത്താൻ എല്ലാ മുൻ അംഗങ്ങളോടും അഭ്യർഥിക്കുന്നു’- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

അതേസമയം, എൻഐഎ സംഘം അബ്ദുൽ സത്താറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം കരുനാ​ഗപ്പള്ളിയിലെ കാരുണ്യ സെന്ററിൽ വച്ചാണ് സത്താറിനെ കസ്റ്റഡിയിലെടുത്തത്. സത്താറിന്റെ വീട്ടിലും ഇവിടെയുള്ള കാരുണ്യ സെന്ററിലും റിഹാബ് സെന്ററിലുമെല്ലാം രണ്ടു ദിവസം മുമ്പ് പൊലീസിന്റെ പരിശോധനയുണ്ടായിരുന്നു. എന്നാൽ ആ സമയങ്ങളിൽ അബ്ദുൽ സത്താർ സ്ഥലത്തില്ലായിരുന്നു.

തിരിച്ചെത്തിയ സത്താർ രാവിലെ മുതൽക്കെ കാരുണ്യ സെന്ററിലുണ്ടായിരുന്നു. ഉച്ചയ്ക്ക് മുൻപ് മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് പൊലീസും കേന്ദ്ര ഏജൻസികളും ഇവിടെയെത്തി സത്താറിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇന്നു രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാംപസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചിട്ടുണ്ട്.

Top