കോവിഡ് വ്യാപനം; മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രണയ അശോക്. ജൂലൈ പതിനഞ്ചാം തിയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ആളുകള്‍ക്ക് ഒറ്റയ്ക്ക് മാത്രമെ പുറത്തിറങ്ങാന്‍ അനുവാദമുള്ളു. കൂട്ടം ചേരാന്‍ പാടില്ല. ആരാധനാലയങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ബാധകമാണ്. കണ്ടെയ്‌ന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 24 മണിക്കൂറും, മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, കണ്ടെയ്‌ന്മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ആളുകള്‍ പൊതു-സ്വകാര്യ ഇടങ്ങളില്‍ കൂട്ടം കൂടുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്നും മനുഷ്യജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണിതെന്നും ഉത്തരവില്‍ പറയുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

Top