ശിവകുമാറിനെ അറസ്റ്റ് ചെയ്‌തേക്കും; ഹോട്ടല്‍ പരിസരത്ത് നിരോധനാജ്ഞ

മുംബൈ: രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനും പരിസരത്തും മുംബൈ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന പൊവെയ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ.ജൂലൈ ഒമ്പത് മുതല്‍ 12 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. നാലുപേരില്‍ കൂടുതല്‍ ആളുകള്‍ പ്രദേശത്ത് സംഘം ചേരുന്നതും നിരോധിച്ചു.

വിമത എംഎല്‍എ മാരെ കണാന്‍ ചെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറര്‍ തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഹോട്ടലിന് മുന്നില്‍ സംഘടിച്ചിരുന്നു. ഇതിന് പിന്നാലെ മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശിവകുമാറിന് പിന്തുണയുമായി രംഗത്ത് വന്നു.

ഇതേ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നാണ് വിവരം.എന്നാല്‍ ഒരു കാരണവശാലും ഹോട്ടലിനുള്ളിലേയക്ക് കടത്തിവിടില്ലെന്നും മടങ്ങിപോകണമെന്നും പൊലീസുകാര്‍ ആവശ്യപ്പെട്ടു.തിരികെ പോയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എന്നാല്‍ എംഎല്‍എമാരെ കണ്ടേ മടങ്ങൂ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.

Top