ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെങ്കോട്ടയുടെ പരിസരത്ത് കൂട്ടം കൂടുന്നതോ യോഗങ്ങള്‍ നടത്തുന്നതോ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതോ നിരോധിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തുന്നതിനെ പൊലീസ് തടഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇടത് പാര്‍ട്ടികളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.

ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇവിടേക്ക് എത്തിയ വിദ്യാര്‍ത്ഥികളെ പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്. സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ള നിരവധി നേതാക്കള്‍ ഇവിടേക്ക് പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ജാമിയ മിലിയക്ക് തൊട്ടടുത്തുള്ള മെട്രോ സ്റ്റേഷനുകളും ചെങ്കോട്ടയ്ക്ക് അടുത്തുള്ളതുമായ 14 മെട്രോ സ്റ്റേഷനുകളും അടച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം അരങ്ങേറുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ബംഗളൂരുവും മംഗലാപുരവും ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.

ബിഹാറില്‍ ഇടതു പാര്‍ട്ടികള്‍ ബന്ദ് ആചരിക്കുകയാണ്. പട്‌നയില്‍ എഐഎസ്എഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ പൊലീസ് നടപടിയാണ് ഹൈക്കോടതി പരിശോധിക്കുക. സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Top