തമിഴ്നാട്ടില്‍ നാളെ മുതല്‍ നിരോധനാജ്ഞ; അതിര്‍ത്തികള്‍ അടച്ചിടും,ചരക്ക് നീക്കത്തിന്‌ തടസമില്ല

ചെന്നൈ: തമിഴ്നാട്ടില്‍ ചൊവ്വാഴ്ച മുതല്‍ നിരോധനാജ്ഞ. നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ മാത്രമായിരിക്കും തുറന്ന് പ്രവൃത്തിക്കുക.ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടുകയും ചെയ്യും.

അതേസമയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല. മാര്‍ച്ച് 31 ശേഷം സാഹചര്യം വിലയിരുത്തി നിരോധനാജ്ഞ നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ, സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒന്‍പതായി. ഇതില്‍ ഒരാള്‍ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു.54 പേര്‍ ആശുപത്രിയില്‍ ഐസലേഷനില്‍ ചികിത്സയിലുമാണ്. 9400 ലധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ് കഴിയുന്നത്. പരിശോധനയ്ക്ക് അയച്ച 443 സാംപിളുകളില്‍352 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. മറ്റുള്ളവയുടെ ഫലം കിട്ടിയിട്ടില്ല.

ചെന്നൈ, ഈറോഡ്, കാഞ്ചീപുരം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ എന്നീ അഞ്ച് ജില്ലികളിവാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലേക്ക് വൈറസ് വ്യാപിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Top