മുംബൈ: മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കാത്തതില്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും നേര്‍ക്കുനേര്‍. ഉദ്ദവ് താക്കറെ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഗവര്‍ണര്‍ ചോദിച്ചു.
‘ഹിന്ദുക്കള്‍ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദര്‍ശിച്ച് നിങ്ങള്‍ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങള്‍ പാണ്ഡാര്‍പുരിലെ വിത്തല്‍ രുക്മിണി മന്ദിര്‍ സന്ദര്‍ശിക്കുകയും പൂജകളില്‍ പങ്കാളികളാകുകയും ചെയ്തു. ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് നീട്ടിവെയ്ക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് ഞാന്‍ ആശ്ചര്യപ്പെടുന്നു. അല്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് സെക്യുലര്‍ ആയോ?’ – കത്തില്‍ ഗവര്‍ണര്‍ ചോദിച്ചു.
എന്നാല്‍, നിങ്ങള്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തയാളാണെന്നും മതേതരത്വം ഭരണഘടനയുടെ ഭാഗമാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് ഉദ്ദവ് താക്കറെയും രംഗത്തെത്തി.