കൊല്‍ക്കത്ത: വര്‍ഗീയാടിസ്ഥാനത്തില്‍ വലിയ വിഭാഗീയതയാണ് രാജ്യത്ത് ഉണ്ടാകുന്നതെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍.
രാജ്യത്ത് മതേതരത്വം, മതനിരപേക്ഷത എന്നൊക്കെയുള്ളത് മോശം വാക്കുകളായാണ് പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. ജനാധിപത്യവും അതുപോലെയാകുമോയെന്നും അമര്‍ത്യ സെന്‍ ആശങ്ക പ്രകടിപ്പിച്ചു.
കൊല്‍ക്കത്ത നേതാജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് അസാധാരണമായ സാഹചര്യങ്ങളാണ് ഉണ്ടാവുന്നത്. നാളിതുവരെ ഇന്ത്യ ഭരിച്ച സര്‍ക്കാരുകളൊന്നും തുല്യത ഉറപ്പുവരുത്താന്‍ കാര്യമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്നും സെന്‍ കുറ്റപ്പെടുത്തി.
സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ചും മരണം സംബന്ധിച്ചുമെല്ലാം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ വെറും സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ്. നേതാജിയുടെ കാഴ്ചപ്പാടുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരാണ് ഇത്തരം വിവാദങ്ങളുമായി നടക്കുന്നതെന്നും അമര്‍ത്യ സെന്‍ ആരോപിച്ചു.
ബോസ് അടക്കം ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ വിഭാവനം ചെയ്തിരുന്ന തരത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍, നീതി എന്നിവ ഉറപ്പ് വരുത്തുന്ന സമത്വപൂര്‍ണമായ ഇന്ത്യ കെട്ടിപ്പടുക്കുകയാവണം ലക്ഷ്യമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.