ജമ്മു കശ്മീരില്‍ സുരക്ഷ ശക്തിപ്പെടുത്തി; പ്രധാനമന്ത്രി നാളെ ജമ്മുവില്‍

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി നാളെ ജമ്മു സന്ദര്‍ശിക്കും. നാടിന് സമര്‍പ്പിക്കുന്നതും തറക്കല്ലിടുന്നതും ഉള്‍പ്പെടെ 30500 കോടി രൂപയുടെ പദ്ധതികളുമായാണ് മോദിയുടെ ജമ്മു സന്ദര്‍ശനം. ആരോഗ്യം, വിദ്യാഭ്യാസം, റെയില്‍, റോഡ്, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.

ജമ്മുവിലെ വിജയ്പൂരില്‍ (സാംബ) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. പ്രധാന്‍മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ 1660 കോടിയിലധികം രൂപ ചെലവിലാണ് അത്യാധുനിക ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ചത്. 720 കിടക്കകളുണ്ട് ഇവിടെ. 125 സീറ്റുകളുള്ള ഒരു മെഡിക്കല്‍ കോളേജും 60 സീറ്റുകളുള്ള നഴ്‌സിംഗ് കോളേജും 30 കിടക്കകളുള്ള ആയുഷ് ബ്ലോക്കും ഇവിടെയുണ്ട്. 18 സ്‌പെഷ്യാലിറ്റികളിലും 17 സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പരിചരണം രോഗികള്‍ക്ക് ഉറപ്പാക്കുകയാണ് ലക്ഷ്യം.

വിവിധ റെയില്‍, റോഡ് പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ബനിഹാല്‍ – ഖാരി – സംബര്‍ – സംഗല്‍ദാന്‍ റെയില്‍ പാതയും ബാരാമുള്ള – ശൃംഗര്‍ – ബനിഹാല്‍ – സങ്കല്‍ദാന്‍ പാതയുടെ വൈദ്യുതീകരണവും നാടിന് സമര്‍പ്പിക്കും. ദില്ലി – അമൃത്സര്‍ – കത്ര എക്‌സ്പ്രസ് വേ, ശ്രീനഗര്‍ റിംഗ് റോഡ് എന്നിവയുള്‍പ്പെടെയുള്ള റോഡ് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ജമ്മു വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനലിനും പ്രധാനമന്ത്രി തറക്കല്ലിടും. 40,000 ചതുരശ്ര മീറ്ററിലായി ആധുനിക സൗകര്യങ്ങളോടെ ഏകദേശം 2000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പ്പന. എയര്‍ കണക്റ്റിവിറ്റി, ടൂറിസം, വ്യാപാരം തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വിമാനത്താവള വികസനം.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ സുരക്ഷ ശക്തിപ്പെടുത്തി. പൊലീസും അര്‍ദ്ധ സൈനിക വിഭാഗവും വാഹന പരിശോധന നടത്തി. നാളെ വൈകുന്നേരം ജമ്മുവില്‍ പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്യും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഇതു രണ്ടാം വട്ടമാണ് പ്രധാനമന്ത്രി ജമ്മുവിലെത്തുന്നത്.

Top