ഇടുക്കി : വിവാദമായ ഇടുക്കി അണക്കെട്ടിലെ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. ആറ് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശി ഡാമിൽ എത്തിയ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ആണ് നടപടി. പരിശോധനയിൽ വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ എന്നാണ് ഔദ്യോഗിക വിശദീകരണം.
ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയിൽ താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ആലോചിക്കുന്നുണ്ട്. സംഭവത്തിനു ശേഷം വിദേശത്തേക്ക് പോയ പാലക്കാട് ഒറ്റപ്പാലം സ്വദേശി തിരികെ എത്താത്തതിനെ തുടർന്നാണ് നടപടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള റിപ്പോർട്ട് ഇടുക്കി എസ് പി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു.
ഇതിനിടെ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദം ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തണം എന്നാണ് ആവശ്യം. അണക്കെട്ടിലെ സുരക്ഷ സംബന്ധിച്ച് ആർക്കെങ്കിലും സൂചന നൽകാനാണോയെന്നും സംശയിക്കുന്നുണ്ട്. ഒറ്റപ്പാലം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂവെന്നാണ് പോലീസിന്റെ നിലപാട്.