ഛത്തീസ്ഗഡില്‍ കൊന്നത് മാവോയിസ്റ്റുകളെയല്ല ഗ്രാമീണരെ; ജുഡീഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: 2012 ജൂണ്‍ 28 ന് ഛത്തീസ്ഗഡിലെ ബീജാപൂര്‍ ജില്ലയിലെ സര്‍കേഗുഡ എന്ന പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പതിനേഴ് പേര്‍ മാവോയിസ്റ്റുകളായിരുന്നില്ലെന്നും ഗ്രാമീണരായിരുന്നുവെന്ന ജുഡീഷ്യല്‍ റിപ്പോര്‍ട്ട് പുറത്ത്. ഏഴ് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ജസ്റ്റിസ് വിജയകുമാര്‍ അഗര്‍വാള്‍ ഈ സംഭവത്തിന്റെ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മാവോയിസ്റ്റ് ഗ്രൂപ്പിനെയാണ് ലക്ഷ്യമിട്ടതെന്ന് തെളിയിക്കാന്‍ സാധിക്കുന്ന യാതൊരു തെളിവുകളും ഹാജരാക്കാന്‍ സുരക്ഷാസേനയ്ക്ക് സാധിച്ചിട്ടില്ല. ഗ്രാമീണരുടെ ഭാഗത്ത് നിന്ന് വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്നാണ് തിരിച്ച് വെടിയുതിര്‍ത്തത് എന്നായിരുന്നു സുരക്ഷാ സേനയുടെ അവകാശവാദം. എന്നാല്‍ ഗ്രാമീണര്‍ക്ക് നേരെയുള്ള നടപടിക്ക് കാരണമായി സുരക്ഷാ സേന നിരത്തിയ കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ആക്രമണം നടന്നതിന്റെ തെളിവുകളൊന്നും ഹാജരാക്കാന്‍ സേനയ്ക്ക് സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഏറ്റമുട്ടലില്‍ പതിനേഴ് പേര് കൊല്ലപ്പെട്ട സംഭവം വ്യാജമാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് അന്നത്തെ ബിജെപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. അന്വേഷണത്തില്‍ പൊലീസിന് പിഴവ് സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവസ്ഥലത്ത് നിന്നും തോക്കുകളും ഉണ്ടകളും കണ്ടെടുത്തുവെന്ന വാദത്തെയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. നീതിക്ക് വേണ്ടിയുളള ഗ്രാമീണരുടെ പോരാട്ടത്തില്‍ വിജയിച്ചിരിക്കുന്നു എന്നാണ് ഗ്രാമീണര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഇഷാ ഖണ്ഡേല്‍വാള്‍ അഭിപ്രായപ്പെട്ടത്.

Top