സുരക്ഷാ പ്രശ്നം; ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് താലിബാന്‍

കാബൂള്‍: കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കും വരെ ജോലിക്ക് പോകുന്ന സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് താലിബാന്‍. സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും തീരുമാനം താല്‍ക്കാലികമാണെന്നും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് നിര്‍ദേശം. സുരക്ഷാ പ്രശ്നങ്ങള്‍ അവസാനിക്കും വരെ വീട്ടിലിരിക്കണമെന്നും അതിന് ശേഷം തിരിച്ചെത്താമെന്നും താലിബാന്‍ വക്താവ് അറിയിച്ചു.

നേരത്തെ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാമെന്നും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാമെന്നും താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു. ശരിഅത്ത് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്ക് നല്‍കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്ലാമിക നിയമപ്രകാരമുള്ള ജോലികളിലേ സ്ത്രീകള്‍ക്ക് അനുവാദം നല്‍കൂവെന്നുമാണ് താലിബാന്‍ നിലപാട്.

താലിബാന്‍ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറി ജോലിക്ക് പോകുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 1996-2001 താലിബാന്‍ ഭരണത്തില്‍ സ്ത്രീകളെ തൊഴില്‍, വിദ്യാഭ്യാസം എന്നിവയില്‍ നിന്ന് പൂര്‍ണമായി വിലക്കിയിരുന്നു. ബുര്‍ഖ ധരിച്ച്, പുരുഷ ബന്ധുവിനൊപ്പം മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

 

Top