ഭീകരാക്രമണം: 18വിഘടന വാദികളുടെയും 155 രാഷ്ട്രീയക്കാരുടെയും സുരക്ഷ പിന്‍വലിച്ചു

JAMMU KASHMEER

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ത്യ കശ്മീരി വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. 18 വിഘടനവാദികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആക്ടിവിസ്റ്റുകളുമായ 155 പേരുടെയും സുരക്ഷയാണ് പിന്‍വലിച്ചത്.

ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തത്.ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴ്ചെലവാണെന്നും രാജ്യത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ആ തുക ചിലവഴിക്കാമെന്നും യോഗം വിലയിരുത്തി.

കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷ സംസ്ഥാന ഭരണകൂടം പിന്‍വലിച്ചിരുന്നു. ഇതിന് പുറമേയാണ് ഇത്രയധികം ആളുകളുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മോസ്വി, മൗലവി അബ്ബാസ് അന്‍സാരി, യാസ്മീന്‍ മാലിക്, സലീം ഗീലാനി, ഷഹീദ് ഉള്‍ ഇസ്ലാം, സഫര്‍ അക്ബര്‍ ഭട്ട്, നയീം അഹമ്മദ് ഖാന്‍, മുക്താര്‍ അഹമ്മദ് വസ, ഫറൂഖ് അഹമ്മദ് കിച്ലൂ, മസൂര്‍ അബ്ബാസ് അന്‍സാരി, ആഗാ സയ്യിദ് അബുള്‍ ഹുസൈന്‍, അബ്ദുള്‍ ഗനി ഷാ, മെഹമ്മദ് മുസാദിഖ് ഭട്ട് എന്നീ പ്രമുഖ വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്.

പിഡിപി നേതാവ് വാഹിദ് പര, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസല്‍ എന്നിവരും സുരക്ഷ പിന്‍വലിക്കപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടും. ഇത്രയും പേരുടെ സുരക്ഷ പിന്‍വലിക്കപ്പെടുന്നതോടെ കുറഞ്ഞത് 1000 പൊലീസ്‌
ഉദ്യോഗസ്ഥര്‍ സാധാരണ ജോലികളിലേക്ക് തിരികെ എത്തും. സുരക്ഷാ സന്നാഹങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട 100 പൊലീസ്‌
വാഹനങ്ങള്‍ പട്രോളിങ്ങിനും മറ്റുമായി ഉപയോഗിക്കാനുമാകുമെന്നും യോഗം വിലയിരുത്തി.

Top