ലങ്കൻ പൗരന്റെ ആൾക്കൂട്ട കൊലപാതകം; പാക് ക്രിക്കറ്റ് താരങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചു

സിയാൽക്കോട്ടിലെ ഫാക്ടറിയിൽ മാനേജരായിരുന്ന പ്രിയന്ത ദിയനവദനയെന്ന ശ്രീലങ്കൻ പൗരനെയാണ് ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം. മരിക്കും മുൻപ് പ്രിയന്തയെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ദൈവനിന്ദ ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകം ശ്രീലങ്കയിലും വലിയ ഒച്ചപാടു സൃഷ്ടിച്ച സാഹചര്യത്തിലാണ് പാക്ക് താരങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

ഇത്തവണ ആകെ ഒൻപത് പാക്കിസ്ഥാൻ താരങ്ങളാണ് ലങ്ക പ്രിമിയർ ലീഗിൽ കളിക്കുന്നത്. മുഹമ്മദ് ഫഹീസ്, മുഹമ്മദ് ഉമർ, ശുഐബ് മാലിക്ക്, വഹാബ് റിയാസ്, സുഹൈബ് മഖ്സൂദ് തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പരിശീലക സംഘാംഗങ്ങളും ഇത്തവണ ലങ്കൻ പ്രിമിയർ ലീഗിന്റെ ഭാഗമാകുന്നുണ്ട്. ഇവർക്കെല്ലാമുള്ള സുരക്ഷ വർധിപ്പിക്കും. അൻവലി അലി, മുഹമ്മദ് ഇർഫാൻ, ഉസ്മാൻ ഷിൻവാരി, അഹമ്മദ് ഷഹ്സാദ് തുടങ്ങിയവരാമ് ലീഗിൽ പങ്കെടുക്കുന്ന മറ്റ് പാക്കിസ്ഥാൻ താരങ്ങൾ.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലും ഹംബൻതോട്ടയിലുമായാണ് ഇത്തവണ ലങ്കൻ പ്രിമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ലീഗ് ഘട്ട മത്സരങ്ങൾ പുരോഗമിക്കുന്നത്. പ്ലേ ഓഫ് മത്സരങ്ങൾ ഹംബൻതോട്ടയിലെ മഹിന്ദ രജപക്ഷ സ്റ്റേഡിയത്തിലും നടക്കും.

Top