ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി പൊലീസ് കമ്മിഷണറെ വിളിച്ചുവരുത്തി വിശദീകരണം തേടി.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ച്ച സര്‍വകക്ഷി യോഗത്തില്‍ ജെഎന്‍യു പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിക്കണമെന്നും കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മോദി കമ്മീഷണറോട് വിശദീകരണം തേടിയിരിക്കുന്നത്.
അതേസമയം, ജെഎന്‍യു വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിലപാട് തിരുത്തി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കനയ്യ കുമാര്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടുണ്ടാകില്ലെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ നിലപാടു മാറ്റിയിരിക്കുന്നത്.
അറസ്റ്റിന്റെ തലേദിവസം കനയ്യ നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയതയുണര്‍ത്തുന്നതൊന്നും ഇല്ലായിരുന്നുവെന്നും സുരക്ഷ ഏജന്‍സികളുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇവ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടും നല്‍കി. ഡല്‍ഹി പൊലീസിലെ ചില ഉദ്യോഗസ്ഥുടെ അമിതാവേശമാണ് ഇത്തരത്തിലൊരു കേസെടുക്കുന്നതിനുള്ള കാരണമെന്നാണ് ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.
പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങില്‍ കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളൊന്നും അവര്‍ ഉയര്‍ത്തിയിരുന്നില്ല. ഇന്ത്യാ വിരുദ്ധമായി ഇവിടെ സംസാരിച്ചിരുന്നില്ലെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. കനയ്യ കുമാര്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ അതില്‍ രാജ്യദ്രോഹപരമായി ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്റെ (ഡിഎസ്‌യു) അംഗങ്ങളാകാം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതെന്നും ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സിപിഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ഥി സംഘടനയാണ് ഡിഎസ്‌യു. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ജെഎന്‍യുവില്‍ പതിച്ചിരുന്ന പോസ്റ്ററുകളില്‍ ഡിഎസ്‌യു നേതാക്കളുടെ പേരാണ് ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.