നന്മയുടെ തൈ നടാം; പരിസ്ഥിതി ദിനത്തില്‍ രണ്ടരലക്ഷം തൈകള്‍ നാടാന്‍ ഡിവൈഎഫ്‌ഐ

‘നന്മയുടെ തൈ നടാം’ എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ട് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്താകെ രണ്ടരലക്ഷം തൈകള്‍ നടാനൊരുങ്ങി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. എല്ലാ ജില്ലയിലും തരിശുകിടക്കുന്ന ഒരേക്കര്‍ പൊതുഭൂമിയില്‍ ഫലവൃക്ഷ വനം ഒരുക്കുകയും ഇതിനായുള്ള തൈകള്‍ അതാത് ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. ജൂണ്‍ മാസത്തില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുക്കും.

കണ്ടല്‍ കാടുകളില്‍ നിന്നും ജലസ്രോതസ്സുകളില്‍ നിന്നും സമുദ്ര തീരങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു റീസൈക്കിള്‍ കേരളയുടെ ഭാഗമാക്കുകയും ചെയ്യും. കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കി ശക്തിപ്പെടുത്തുന്നതിനായി ‘നാടാകെ നന്മ, നാടാകെ കൃഷി’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ സംസ്ഥാനത്ത് തരിശ് കിടക്കുന്ന 1000 ഏക്കറിലധികം ഭൂമിയില്‍ ഇതിനകം കൃഷിയിറക്കി കഴിഞ്ഞു.
ഡിവൈഎഫ്ഐ പരിസ്ഥിതി ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് കോഴിക്കോട് ടൗണില്‍ നിര്‍വ്വഹിക്കും.

സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരത്ത് ആറ്റുകാലിലും പ്രസിഡന്റ് എസ്.സതീഷ് എറണാകുളത്തെ നെല്ലിമറ്റത്തും, കോട്ടയത്തെ വൈക്കത്തും, ട്രഷറര്‍ എസ്.കെ.സജീഷ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്തും നിവ്വഹിക്കും. വൈസ് പ്രസിഡന്റ് കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഉദ്ഘാടനം ചെയ്യും. ജോ. സെക്രട്ടറി വി.കെ.സനോജ് കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമിലും ഭാഗമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിക്കുകയാണ്.

മണ്ണും മലനിരകളും മരങ്ങളും ജൈവവൈവിധ്യവും രക്ഷിക്കപ്പെട്ടാലെ നാളെയീ മണ്ണില്‍ മനുഷ്യ വാസം സാധ്യമാകൂ എന്ന തിരിച്ചറിവാണ് പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ ഉയരേണ്ട ചിന്ത. പ്രകൃതിയോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തം ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് ഇത്.ഹരിതകേരളം നിലനിര്‍ത്താന്‍ നീര്‍ത്തടങ്ങളും ജലാശയങ്ങളും നദികളും വയലുകളും സംരക്ഷിക്കേണ്ടത് അത്യാവ ശ്യമാണ്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ കൂടി ഭാഗമായി ജലാശയങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര മാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം റീസൈക്കിള്‍ കേരളയുടെ ഭാഗമായി തുടരുന്ന പദ്ധതിയും ജനം ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

പരിസ്ഥിതി സംരക്ഷണ അവബോധം സമൂഹത്തില്‍ വളര്‍ത്താനും പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം സ്വീകരിക്കുന്നതിനും ഡിവൈഎഫ്‌ഐ നേതൃത്വം നല്‍കുകയാണ്. ഇതിന്റെ ഭാഗമായി കണ്ടല്‍ക്കാട് സംരക്ഷണം, ജല സ്രോതസ്സുകള്‍ വീണ്ടെടുക്കുക, ജലാശയങ്ങള്‍ ശുചീകരിക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകെ ഡി.വൈ.എഫ്.ഐ ഏറ്റെടുക്കുകയാണ്. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ച ഈ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമാക്കുന്നതിന് മുഴുവന്‍ യുവതി യുവാക്കളുടെയും പിന്തുണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

Top